ജലമധുരം-4
ഒറ്റയായെന്നു തോന്നുമ്പോള്‍
കണ്ണയയ്‌ക്കുകയുള്ളിലേ-
യ്‌ക്കവിടെ പ്രേമതാരകം
നിന്നോടു ചിരി തൂകുന്നു.
ഒറ്റയാണൊറ്റയാണെന്ന്
ചൊല്ലിച്ചൊല്ലിപ്പഠിക്കുമോ?
ഒറ്റയ്‌ക്കു പിറക്കുന്നോ-
നൊറ്റയ്‌ക്കു മരണത്തിലും.
ദൂരമെത്ര നടന്നാലും
വിദൂരത്തിലകന്നിടാ.
ഓടിയോടിയടുത്താലും
ദൂരമില്ലാതെയാകുമോ?
ആരുമേയൊപ്പമില്ലെങ്കില്‍
കുഞ്ഞുറുമ്പുണ്ട് കൂട്ടിന്.
ബന്ധുക്കളറ്റുപോകുമ്പോള-
റിയും ജീവ ബാന്ധവം.
നെഞ്ചു കത്തവേ നന മണ്ണില്‍
മുഖം ചേര്‍ത്തു കിടക്കുക.
കരച്ചിലുള്ളിലാളുമ്പോള്‍
ആകാശത്തേക്കു കരയുക.
കാലത്തെ മെല്ലെ മീട്ടുമ്പോ-
ഴുണരും മൗന ഗീതകം
അശ്രദ്ധം വിരല്‍ കോറുമ്പോ-
ഴുയരും ദീന രോദനം.
ചിരിക്കും പൂക്കളെക്കണ്ടു
ചിരി തൂകാന്‍ പഠിക്കുക.
മഴ മേഘങ്ങളില്‍ നിന്നു
നിലയറ്റ കരച്ചിലും.
ആഴി തേടുമൊഴുക്കു വിളിക്കവേ
കെട്ടറുത്തു വിട്ടേയ്‌ക്കുകിത്തോണിയെ.
ഇല്ല മുന്നിലൊരക്കരെയെങ്കിലും
ഒപ്പമില്ലൊറ്റയാത്രികരെങ്കിലും.
നിറചിരിയാണാദ്യമാം പാഠം
ദൈവം ഗുരുനാഥനാവുകില്‍.
ഉള്ളഴിഞ്ഞ കരച്ചിലോ
പാഠത്തിന്നവസാനവും.
0 comments:
Post a Comment