ജലമധുരം-3
വിശപ്പണഞ്ഞതാം
രശനയാലതിന്‍
വിശുദ്ധമാധുര്യ
മകം നിറകെയും.
ഇറുത്തെടുക്കുവാന്‍
വിരലു നീട്ടുമ്പോള്‍
ജലമുകുളത്തിന്‍
സുവര്‍ണപിഞ്ചിക-
യടര്‍ത്തുവാന്‍ വൃഥാ
തുനിഞ്ഞപോലെയും.
വെയില്‍പൂക്കും മരക്കൊമ്പില്‍
മഞ്ഞു മധുരമാകുന്നു
മഴയായമൃതു പെയ്യുമ്പോ-
ളന്നം വേറെയെന്തിന്?
ഉയര്‍ച്ചകള്‍, താഴ്‌വാരങ്ങള്‍,
നോട്ടമെത്താത്ത ഗര്‍ത്തങ്ങള്‍,
പച്ച മുറ്റിയ കാടുകള്‍,
മണല്‍ക്കൂനപ്പറമ്പുകള്‍,
വീണതൊക്കെ വിളയുന്ന
ജീവസമ്പന്ന ഭൂമികള്‍.
ഇടങ്ങളിലിടറിനില്‍ക്കാതെ
ആഴിയോളമൊഴുക്കുകള്‍.
അര്‍ച്ചനപ്പൂവിറുത്തപ്പോ-
ഴിറുത്തൂ ദൈവ സുസ്‌മിതം-
കിളിയെക്കണയെയ്‌തപ്പോള്‍
നിലച്ചൂ ദൈവ സംഗീതം.
കിളിപാടുന്നു ചില്ലയില്‍
വിരിയുന്നുണ്ടു പൂവുകള്‍.
പുലര്‍മഞ്ഞു,ണ്ടിളംകാറ്റും
വീടുപൂട്ടിയിറങ്ങുക.
മണ്ണില്‍ കാലമര്‍ത്തുമ്പോള്‍
വിരലില്‍ വേരു പൊട്ടുന്നു.
വെയിലില്‍വെന്തു നില്‍ക്കവേ
തളിര്‍പൊട്ടുന്നു മൂര്‍ദ്ദാവില്‍.
ഉഴുതുമറിച്ച ചളിക്കണ്ടത്തില്‍
കാലം നിന്നെ വിതച്ചു.
കൊയ്‌തുമെയ്‌തിച്ചത്
കുത്തിയെടുത്തു,മുറത്തില്‍
പതിരുകള്‍ചേറി-
ത്തെള്ളിയെടുത്തു
വേവിച്ചിലയില്‍ വിളമ്പി ഭുജിച്ചു
ഉള്ളിലലിഞ്ഞു ദഹിക്കും നിന്നുടെ
പാവം കനവുകള്ളുള്ളില്‍
പൂത്തതുകണ്ടു
രമിച്ചു മയങ്ങീ കാലം.
വിശപ്പെങ്കില്‍
സൂര്യ പാഥേയം
ദാഹമോ
മഴയുമാഴവും.
ഉടുക്കാനാകാശവും
തളിരിളം പച്ചക്കാടും.
നിത്യാനന്ദമറിയാനോ
നിലാവ്, നക്ഷത്രങ്ങള്‍...
കുടിക്കാന്‍ മഴക്കാലം.
ഭുജിക്കാന്‍ പുലര്‍വെട്ടം.
ഭോഗമോ സുമസ്‌മേരം.
കര്‍മ്മമാകാശ ദര്‍ശനം.
0 comments:
Post a Comment