ജലമധുരം-2
കരയ്‌ക്കു പിടിച്ചിട്ട ഈ വാക്കൊക്കെയും ഉറങ്ങാനറിഞ്ഞു കൂടാത്ത തിരക്കോളുള്ള ഒരു രാത്രിയില്‍ നിന്ന് ചൂണ്ടയിട്ടു പിടിച്ചത്, അവയുടെ കണ്ണില്‍ സൂക്ഷിച്ചു നോക്കൂ, ഒഴുകിപ്പരക്കുന്ന നിലാവ്.
അപമൃത്യു വരിച്ച ചിന്തകള്‍
കവിരൂപ വിശുദ്ധ ബാധയായ്
ഉയിരില്‍ ചിറകാര്‍ന്ന പക്ഷിഞാ-
നഹബോധമകന്ന വീഥിയില്‍.
ഒരു തീനാളമാളുന്നു-
ണ്ടേതിരുട്ടിന്റെ ഹൃത്തിലും.
ഇരുളിനെ പ്രണമിക്കുന്നു-
ണ്ടുജ്ജ്വലം ജ്വാലയൊക്കെയും.
അടഞ്ഞ കണ്ണിലും
തെളിഞ്ഞ കാണ്‍മത്
ചെവിവട്ടംപിടി
ച്ചുയിരമര്‍ത്തുമ്പോ
ളകത്തുകേള്‍ക്കാകു
മതിന്റെ പല്ലവി.
ഇരുട്ടിന്മേ
ലടയിരിക്കുക.
വെളിച്ചം
വിടരുംവരെ.
കണ്ണടച്ചങ്ങിരുന്നപ്പോ-
ളെന്തേ കണ്ടതു ചൊല്ലുമോ?
ആരും പാടാതെ പാട്ടുഞാന്‍
കാതടച്ചാണു കേട്ടത്.
കണ്ണുകീറി,ഹാ,
കത്താന്‍തുടങ്ങിയി-
ക്കോവിലിന്റെ
തിരുമുഖത്തെന്നോ.
എണ്ണവറ്റിയാല്‍
കെട്ടുപോം താനേ
നിന്നു കത്തുക
നിഷ്‌പന്ദമല്ലേ?
കറുത്ത മഷിയെന്നാലും
വെളിച്ചത്തെ വരക്കുക.
മുഴങ്ങും വാക്കുകൊട്ടുമ്പോള്‍
മൗനംകേള്‍പ്പതില്ലയോ
0 comments:
Post a Comment