Monday, December 21, 2009

ജലമധുരം-3

വിശപ്പണഞ്ഞതാം
രശനയാലതിന്‍
വിശുദ്ധമാധുര്യ
മകം നിറകെയും.

ഇറുത്തെടുക്കുവാന്‍
വിരലു നീട്ടുമ്പോള്‍
ജലമുകുളത്തിന്‍
സുവര്‍ണപിഞ്ചിക-
യടര്‍ത്തുവാന്‍ വൃഥാ
തുനിഞ്ഞപോലെയും.

വെയില്‍പൂക്കും മരക്കൊമ്പില്‍
മഞ്ഞു മധുരമാകുന്നു
മഴയായമൃതു പെയ്യുമ്പോ-
ളന്നം വേറെയെന്തിന്‌?

ഉയര്‍ച്ചകള്‍, താഴ്‌വാരങ്ങള്‍,
നോട്ടമെത്താത്ത ഗര്‍ത്തങ്ങള്‍,
പച്ച മുറ്റിയ കാടുകള്‍,
മണല്‍ക്കൂനപ്പറമ്പുകള്‍,

വീണതൊക്കെ വിളയുന്ന
ജീവസമ്പന്ന ഭൂമികള്‍.
ഇടങ്ങളിലിടറിനില്‍ക്കാതെ
ആഴിയോളമൊഴുക്കുകള്‍.

അര്‍ച്ചനപ്പൂവിറുത്തപ്പോ-
ഴിറുത്തൂ ദൈവ സുസ്‌മിതം-
കിളിയെക്കണയെയ്‌തപ്പോള്‍
നിലച്ചൂ ദൈവ സംഗീതം.

കിളിപാടുന്നു ചില്ലയില്‍
വിരിയുന്നുണ്ടു പൂവുകള്‍.
പുലര്‍മഞ്ഞു,ണ്ടിളംകാറ്റും
വീടുപൂട്ടിയിറങ്ങുക.

മണ്ണില്‍ കാലമര്‍ത്തുമ്പോള്‍
വിരലില്‍ വേരു പൊട്ടുന്നു.
വെയിലില്‍വെന്തു നില്‍ക്കവേ
തളിര്‍പൊട്ടുന്നു മൂര്‍ദ്ദാവില്‍.

ഉഴുതുമറിച്ച ചളിക്കണ്ടത്തില്‍
കാലം നിന്നെ വിതച്ചു.
കൊയ്‌തുമെയ്‌തിച്ചത്‌
കുത്തിയെടുത്തു,മുറത്തില്‍
പതിരുകള്‍ചേറി-
ത്തെള്ളിയെടുത്തു
വേവിച്ചിലയില്‍ വിളമ്പി ഭുജിച്ചു
ഉള്ളിലലിഞ്ഞു ദഹിക്കും നിന്നുടെ
പാവം കനവുകള്ളുള്ളില്‍
പൂത്തതുകണ്ടു
രമിച്ചു മയങ്ങീ കാലം.

വിശപ്പെങ്കില്‍
സൂര്യ പാഥേയം
ദാഹമോ
മഴയുമാഴവും.
ഉടുക്കാനാകാശവും
തളിരിളം പച്ചക്കാടും.
നിത്യാനന്ദമറിയാനോ
നിലാവ്‌, നക്ഷത്രങ്ങള്‍...

കുടിക്കാന്‍ മഴക്കാലം.
ഭുജിക്കാന്‍ പുലര്‍വെട്ടം.
ഭോഗമോ സുമസ്‌മേരം.
കര്‍മ്മമാകാശ ദര്‍ശനം.

Read more...

Friday, December 18, 2009

ജലമധുരം-2

കരയ്‌ക്കു പിടിച്ചിട്ട ഈ വാക്കൊക്കെയും ഉറങ്ങാനറിഞ്ഞു കൂടാത്ത തിരക്കോളുള്ള ഒരു രാത്രിയില്‍ നിന്ന്‌ ചൂണ്ടയിട്ടു പിടിച്ചത്‌, അവയുടെ കണ്ണില്‍ സൂക്ഷിച്ചു നോക്കൂ, ഒഴുകിപ്പരക്കുന്ന നിലാവ്‌.
അപമൃത്യു വരിച്ച ചിന്തകള്‍
കവിരൂപ വിശുദ്ധ ബാധയായ്‌
ഉയിരില്‍ ചിറകാര്‍ന്ന പക്ഷിഞാ-
നഹബോധമകന്ന വീഥിയില്‍.

ഒരു തീനാളമാളുന്നു-
ണ്ടേതിരുട്ടിന്റെ ഹൃത്തിലും.
ഇരുളിനെ പ്രണമിക്കുന്നു-
ണ്ടുജ്ജ്വലം ജ്വാലയൊക്കെയും.

അടഞ്ഞ കണ്ണിലും
തെളിഞ്ഞ കാണ്‍മത്‌
ചെവിവട്ടംപിടി
ച്ചുയിരമര്‍ത്തുമ്പോ
ളകത്തുകേള്‍ക്കാകു
മതിന്റെ പല്ലവി.

ഇരുട്ടിന്മേ
ലടയിരിക്കുക.
വെളിച്ചം
വിടരുംവരെ.

കണ്ണടച്ചങ്ങിരുന്നപ്പോ-
ളെന്തേ കണ്ടതു ചൊല്ലുമോ?
ആരും പാടാതെ പാട്ടുഞാന്‍
കാതടച്ചാണു കേട്ടത്‌.

കണ്ണുകീറി,ഹാ,
കത്താന്‍തുടങ്ങിയി-
ക്കോവിലിന്റെ
തിരുമുഖത്തെന്നോ.

എണ്ണവറ്റിയാല്‍
കെട്ടുപോം താനേ
നിന്നു കത്തുക
നിഷ്‌പന്ദമല്ലേ?

കറുത്ത മഷിയെന്നാലും
വെളിച്ചത്തെ വരക്കുക.
മുഴങ്ങും വാക്കുകൊട്ടുമ്പോള്‍
മൗനംകേള്‍പ്പതില്ലയോ

Read more...

Friday, October 09, 2009

ജലമധുരം-1

നിന്നോടാകുമ്പോള്‍
ഞാനെന്തിനുമറച്ചുവെയ്‌ക്കണം
എന്റെ തോല്‍വികള്‍
പരിധികള്‍,
വൃത്തഭംഗങ്ങള്‍,
അനൗചിത്യങ്ങള്‍

എത്രയപാരം
വാനമതെന്നാല്‍
‍മഞ്ഞിന്‍ മണിയി-
ലൊതുങ്ങുന്നൂ.
എത്രയഗാധം
സാഗരമാകെയൊ-
രുപ്പിന്‍ തരിയി-
ലടങ്ങുന്നു.
അതി സങ്കീര്‍ണം
ദൈവതമെന്നാല്‍
പൂവായെങ്ങും
വിരിയുന്നു

വേനലാല്‍ വിണ്ട മണ്ണിന്റെ
വെള്ളം വെന്തു വറ്റുമെങ്കിലും
വറ്റുകില്ലുള്ളിലെ പ്രേമ
ശുദ്ധ ഗംഗാ പ്രവാഹികള്‍.

നടക്കുമ്പോള്‍നടക്കുന്ന ദൈവം.
പാടുമ്പോള്‍ പാട്ടിന്റെ ദൈവവും.
നൃത്തം ചൊല്ലിയാടുമ്പോള്‍
‍ദൈവം നൃത്തമാടുന്നു .
പ്രണയത്തില്‍ നീ പ്രേമ ദേവത.
ക്രോധത്തില്‍ ക്രോധമൂര്‍ത്തിയും.
പാതയോരപ്പടര്‍പ്പിലെ
ക്കാട്ടുപൂവിന്റെ
കണ്ണുകള്‍ജീവിതകഥായന
രസത്താല്‍ച്ചിരിതൂകുന്നു.

നുണയെച്ചിത്രമാക്കുവാന്‍
മതി വന്നില്ല വാക്കുകള്‍.
സത്യത്തെക്കോറിവെയ്‌ക്കുമ്പോള്‍
തുണയായില്ലൊറ്റ വാക്കുമേ.

Read more...

Tuesday, February 03, 2009

മൗനം

ബന്ധങ്ങളുടെ ക്രമമാകുന്ന സദ്‌ഗുണത്തിന്റെ അസ്‌തിവാരം നിങ്ങള്‍ ഒരിക്കല്‍ പണിതു കഴിഞ്ഞാല്‍ ജീവിതത്തില്‍ സര്‍വ്വവുമായ സ്‌നേഹത്തിന്റെയും ഇല്ലാതാവലിന്റേയും സവിശേഷത സംജാതമാവുന്നു. അപ്പോള്‍ മനസ്സ്‌ സാധാരണമാംവിധം സ്വസ്ഥമാവുന്നു. നൈസര്‍ഗ്ഗികമായി നിശ്ശബ്ദമാവുന്നു. സമ്മര്‍ദ്ദം കൊണ്ടോ അച്ചടക്കം കൊണ്ടോ നിയന്ത്രണംകൊണ്ടോ നിശ്ശബ്ദമാക്കപ്പെട്ടതല്ല അത്‌. ആ നിശ്ശബ്ദത അപാരസമ്പന്നം.

അതിനപ്പുറം വാക്കും വിവരണവും പ്രയോജനശൂന്യം.
ആത്യന്തികതയെക്കുറിച്ച്‌ മനസ്സ്‌ പിന്നിട്‌ അന്വേഷിക്കുന്നില്ല.
എന്തെന്നാല്‍ അതിന്റെ അവശ്യം ഇല്ല.
എന്താണാവോ ഉള്ളത്‌ അത്‌ ആ മൗനത്തില്‍ ഉണ്ട്‌.


Talks with American Students --ജിദ്ദു കൃഷ്‌ണമൂര്‍ത്തി

വിവ : വി.ടി.ജയദേവന്‍

Read more...

Wednesday, January 21, 2009

കാരണം

വെറുതെ വീഴില്ല

ഒരിലയും

കാറ്റിനോട്‌ അത്രയേറെ

ഇഷ്ടമില്ലാതെ

അടര്‍ന്നുപോരില്ല

ഋതുഭേദങ്ങള്‍ വിട്ട്‌

Read more...

Saturday, January 17, 2009

പ്രാര്‍ത്ഥന

എവിടെ മാനസം നിര്‍ഭയമാകുന്നു
എവിടെ മാനവരുന്നത ശീര്‍ഷരാം
എവിടെ വിജ്ഞാനം വിഘ്‌നമില്ലാതെഴും
എവിടെയേകമാം ലോകം ലസിക്കയാം
മുക്തി തന്റെയാ സ്വര്‍ഗ്ഗരാജ്യത്തിലേ-
ക്കെന്റെ നാടൊന്നുണരണേ ദൈവമേ

എവിടുലകു ശകലിതമാകില്ല
കപട ക്ഷുദ്രമാം കല്‍മതില്‍ കെട്ടിനാല്‍

എവിടെ വാക്കുകള്‍ സത്യത്തിനാഴിതന്‍
ഗഹനഗര്‍ത്തത്തില്‍ നിന്നുയരുന്നുവോ

എവിടെയക്ഷീണ യത്‌നം നിരന്തരം
പൂര്‍ണ്ണതക്കായുയര്‍ത്തുന്നു കൈത്തലം

എവിടെ മൂഢാചാര മരുഭൂവില്‍
യുക്തിയാം സ്‌ഫടിക നീരൊഴുക്കൊട്ടുമേ വറ്റിടാ

എവിടെ മാനസം നിര്‍ഭയമാവുന്നു
എവിടെ മാനവരുന്നത ശീര്‍ഷരാം
എവിടെ ചിത്തം പ്രഭോ നീ നയിക്കുന്നു
ചിര വികസിത പുണ്യ ചൈതന്യമായ്‌
മുക്തി തന്റെയാ സ്വര്‍ഗ്ഗരാജ്യത്തിലേ-
ക്കെന്റെ നാടൊന്നുണരണേ ദൈവമേ !

-ഗീതാജ്ഞലി

വിവ : സുഗതകുമാരി


Read more...

  © Blogger template The Business Templates by Ourblogtemplates.com 2008

Back to TOP