Thursday, January 07, 2010

ജലമധുരം-5

പ്രേമമേ നിന്റ തീരത്ത്‌
വെറുതേ വന്നു നില്‍ക്കട്ടെ
ഒഴുക്കിന്‍ മൂളല്‍ കേള്‍ക്കാന്‍.
ഞെട്ടറ്റുപാറിപ്പോകാന്‍.

പ്രേമമേ, ജന്മദാഹത്തില്‍
നീയെന്റെ ജലാശ്രയം.
പെയ്യുന്ന വിരലാലെന്റെ
കണ്ണുപൊട്ടിത്തളിര്‍ത്തുവോ?

പ്രേമമേ, മരണത്തില്‍ നീ
പാവനം ചിതാപുഷ്‌പം,
സൗമ്യമീ സൗരഭ്യത്താല്‍
പ്രാണനെത്തലോടുമോ?

കാലത്തെയലിയിക്കാന്‍
പ്രേമത്തിന്‍ മധുദ്രവ്യം?
കാലത്തെ വായിക്കുവാന്‍
മൗനത്തിന്‍ മഹാഭാഷ?

Friday, January 01, 2010

ജലമധുരം-4

ഒറ്റയായെന്നു തോന്നുമ്പോള്‍
കണ്ണയയ്‌ക്കുകയുള്ളിലേ-
യ്‌ക്കവിടെ പ്രേമതാരകം
നിന്നോടു ചിരി തൂകുന്നു.

ഒറ്റയാണൊറ്റയാണെന്ന്‌
ചൊല്ലിച്ചൊല്ലിപ്പഠിക്കുമോ?
ഒറ്റയ്‌ക്കു പിറക്കുന്നോ-
നൊറ്റയ്‌ക്കു മരണത്തിലും.

ദൂരമെത്ര നടന്നാലും
വിദൂരത്തിലകന്നിടാ.
ഓടിയോടിയടുത്താലും
ദൂരമില്ലാതെയാകുമോ?

ആരുമേയൊപ്പമില്ലെങ്കില്‍
കുഞ്ഞുറുമ്പുണ്ട്‌ കൂട്ടിന്‌.
ബന്ധുക്കളറ്റുപോകുമ്പോള-
റിയും ജീവ ബാന്ധവം.

നെഞ്ചു കത്തവേ നന മണ്ണില്‍
മുഖം ചേര്‍ത്തു കിടക്കുക.
കരച്ചിലുള്ളിലാളുമ്പോള്‍
ആകാശത്തേക്കു കരയുക.

കാലത്തെ മെല്ലെ മീട്ടുമ്പോ-
ഴുണരും മൗന ഗീതകം
അശ്രദ്ധം വിരല്‍ കോറുമ്പോ-
ഴുയരും ദീന രോദനം.

ചിരിക്കും പൂക്കളെക്കണ്ടു
ചിരി തൂകാന്‍ പഠിക്കുക.
മഴ മേഘങ്ങളില്‍ നിന്നു
നിലയറ്റ കരച്ചിലും.

ആഴി തേടുമൊഴുക്കു വിളിക്കവേ
കെട്ടറുത്തു വിട്ടേയ്‌ക്കുകിത്തോണിയെ.
ഇല്ല മുന്നിലൊരക്കരെയെങ്കിലും
ഒപ്പമില്ലൊറ്റയാത്രികരെങ്കിലും.

നിറചിരിയാണാദ്യമാം പാഠം
ദൈവം ഗുരുനാഥനാവുകില്‍.
ഉള്ളഴിഞ്ഞ കരച്ചിലോ
പാഠത്തിന്നവസാനവും.

  © Blogger template The Business Templates by Ourblogtemplates.com 2008

Back to TOP