Thursday, February 18, 2010

ജലമധുരം-6

ജീവിതപ്പൊടിമണ്ണില്‍
മരണത്തിന്റെ പൂക്കളം.
മരണത്തിന്നന്തിമുല്ലയ്‌ക്കു
ജീവിതത്തിന്‍ സുഗന്ധവും.

തെളിഞ്ഞതാണുവാനമതി-
ലില്ലൊരൊറ്റ മേഘവും
ചിറകുകാറ്റിലേറ്റിവെച്ച
നക്കമറ്റയാത്രയില്‍
ഇല്ല പത്രമില്ല ദേഹ-
മില്ലെനിക്കു ചിത്തവും.

കൂടുവെച്ചില്ല
കാറ്റീയിലകളില്‍
അടയിരുന്നില്ല
കിളിയിലാകാശവും.
കിളിയിലെന്നാലു
മാകാശമെപ്പൊഴും
ഇലയിലെന്നാലു
മെപ്പൊഴും കാറ്റ്‌.

പഴയതൊന്നുമേ
പൊതിഞ്ഞെടുക്കേണ്ട
പൊടിഞ്ഞലിയട്ടെ-
യെറിയട്ടെ മണ്ണില്‍.

കാലമെത്ര
കുടിച്ചുവെന്നാകിലും
ദൂരമെത്ര നടന്നുവെന്നാകിലും
അര്‍ഥമേതെ-
ന്നനര്‍ഥമേതോരുവാ-
നൊട്ടുമേയെനി-
ക്കാവതില്ലിന്നുമേ..

ചിത്തമേ പാട്ടുനിര്‍ത്തുക
കേള്‍ക്കട്ടെയാദിസ്‌പന്ദം.
കാലമേ കണ്ണുചിമ്മുക,
കാണട്ടെയപാരത.

വിമൂകവാഗ്മയ-
വിശുദ്ധസ്‌നാനത്താല്‍
ജനിമൃതികളെ
ക്കടന്നുപോകട്ടെ..

0 comments:

Post a Comment

  © Blogger template The Business Templates by Ourblogtemplates.com 2008

Back to TOP